യെമൻ: പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തിലേക്ക് പ്രവേശിച്ചു. യുദ്ധത്തിൽ പുതിയ തിരിവായി, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി സായുധസംഘവും രംഗത്തെത്തി. തെക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ ആക്രമണം നടത്തി. മിസൈൽ പ്രതിരോധിച്ചതായും ആർക്കും പരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഇറാനെതിരായ ആക്രമണം തുടർന്നാൽ യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന് ഹൂതികൾ നേരത്തെ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 28നാണ് യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ചത്. ആദ്യദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ഇറാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും നിരവധി ഉന്നതർ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, ഇറാനിൽ 217 കുട്ടികൾ ഉൾപ്പെടെ 1,464 സാധാരണക്കാർ കൊല്ലപ്പെട്ടതായി അമേരിക്ക ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ പറയുന്നു. ഇതുവരെ 12,000-ലേറെ ബോംബുകൾ ഇറാനിൽ വീണതായും, അതിൽ 3,600 എണ്ണം തലസ്ഥാനമായ ടെഹ്‌റാനെ ലക്ഷ്യമിട്ടതായും ഇസ്രയേൽ വ്യക്തമാക്കി. ഇറാനിലെ വിവിധ ഭാഗങ്ങളിലായി 9,000 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി യുഎസും അറിയിച്ചു.






