ന്യൂഡൽഹി: ഇറാൻ–അമേരിക്ക സംഘർഷ സാധ്യത ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും പരമാവധി ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശത്തിൽ പറയുന്നു. നേരത്തെ ജനുവരിയിൽ ഇറാനിൽ പ്രതിഷേധങ്ങൾ ശക്തമായപ്പോൾ സമാന മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ പാസ്‌പോർട്ട്, ഐഡന്റിറ്റി കാർഡ് അടക്കമുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്നും എംബസി നിർദ്ദേശിച്ചു. ആവശ്യമായ സഹായങ്ങൾക്കായി പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും എംബസിയുടെ ഔദ്യോഗിക പോർട്ടലിലൂടെ പേര് രജിസ്റ്റർ ചെയ്യണമെന്നും, എംബസിയുമായി സ്ഥിരം ബന്ധം പുലർത്തണമെന്നും നിർദേശിച്ചു. പ്രാദേശിക മാധ്യമങ്ങളിലെ വിവരങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടു. സൈനിക നീക്കങ്ങൾക്ക് സാധ്യതയുള്ള സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ജാഗ്രതാ നടപടികളിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.




