വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ സംരക്ഷണം നൽകിയെന്ന റിപ്പോർട്ടുകൾ വിവാദമായി. അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ഇറാന്റെ ചാരവിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ പാകിസ്താനിലെ വ്യോമതാവളങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം രംഗത്തെത്തി. അമേരിക്കൻ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട സെനറ്റ് സമിതി യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാന ചർച്ചകളിൽ മധ്യസ്ഥന്റെ പങ്ക് വഹിക്കുന്ന പാകിസ്താൻ, ഇറാന്റെ വിമാനങ്ങൾക്ക് താവളം അനുവദിച്ചത് രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്താൻ ഇറാനെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കിൽ സമാധാന ചർച്ചകൾക്കായി അമേരിക്ക മറ്റൊരു രാജ്യത്തെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ പാകിസ്താന്റെ മുൻനിലപാടുകൾ പരിഗണിക്കുമ്പോൾ ഈ വാർത്ത അതിശയിപ്പിക്കുന്നതല്ലെന്നും ലിൻഡ്സെ ഗ്രഹാം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അമേരിക്കൻ വാർത്താ ചാനലായ സി.ബി.എസ് ന്യൂസാണ് ഈ വിവരം ആദ്യമായി പുറത്തുവിട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്ത് ഇറാന്റെ രഹസ്യാന്വേഷണ വിമാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക വിമാനങ്ങൾ പാകിസ്താനിലേക്ക് പറന്നെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് വിമാനങ്ങളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കമെന്നാണ് സൂചന.
അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജനറൽ ഡാൻ കെയ്നും തയ്യാറായില്ല. പാകിസ്താനിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നത് ചർച്ചകളെ ബാധിക്കാമെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
ആരോപണങ്ങൾ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വെടിനിർത്തലിന് ശേഷമാണ് ഇറാൻ വിമാനങ്ങൾ എത്തിയതെന്നും ഇവയ്ക്ക് സൈനിക നീക്കങ്ങളുമായോ സംരക്ഷണ കരാറുകളുമായോ ബന്ധമില്ലെന്നും പാകിസ്താൻ വിശദീകരിച്ചു.
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയിരിക്കെ, ഈ വിവാദം അമേരിക്ക-പാകിസ്താൻ ബന്ധത്തിലും സമാധാന ചർച്ചകളിലും പുതിയ അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.






