ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയമായ മാറ്റങ്ങൾ സംഭവിക്കുന്നു. ദശാബ്ദങ്ങൾ നീണ്ട ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് വിള്ളൽ വീഴ്ത്തിക്കൊണ്ട്, നടൻ വിജയിയുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. സഖ്യകക്ഷികൾക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണ അവകാശമുണ്ടെന്നും ജനാധിപത്യപരമായ ഇത്തരം നീക്കങ്ങളെ തങ്ങൾ മാനിക്കുന്നുവെന്നും ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിന്റെ കളംമാറ്റത്തെക്കുറിച്ച് കനിമൊഴി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയുമായോ മറ്റ് വർഗീയ ശക്തികളുമായോ യാതൊരുവിധ സഖ്യവും പാടില്ല എന്ന കർശന ഉപാധിയോടെയാണ് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ പാർട്ടിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് എഐസിസി തമിഴ്‌നാട് ഇൻ-ചാർജ് ഗിരീഷ് ചോദങ്കർ ഔദ്യോഗികമായി അറിയിച്ചു.
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി ഡിഎംകെയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ സ്വന്തം തട്ടകമായ കൊളത്തൂരിൽ പോലും പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ആഘാതമായിട്ടുണ്ട്. ആകെയുള്ള 234 സീറ്റുകളിൽ വെറും 59 സീറ്റുകളിൽ മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്. എന്നാൽ ടിവികെ ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ തങ്ങൾ ഭയപ്പെടുന്നില്ലെന്ന് കനിമൊഴി വ്യക്തമാക്കി. ഡിഎംകെയുടെ മതേതര വോട്ടുകൾ വിജയ് പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, കൂടുതൽ മതേതര പാർട്ടികൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് സ്വാഗതാർഹമാണെന്നായിരുന്നു അവരുടെ മറുപടി. പാർട്ടിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് പിന്മാറിയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറുകയാണ്. വരും ദിവസങ്ങളിൽ ഭരണരൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ നാടകീയമായ നീക്കങ്ങൾ ചെന്നൈ കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് സൂചനകൾ.




