തിരുവനന്തപുരം: തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഉച്ചയോടെ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതായി കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
കാലവർഷം രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങിയതിന് പിന്നാലെയാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ തുലാവർഷം ആരംഭിച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിലും വടക്കുകിഴക്കൻ മൺസൂൺ മഴയ്ക്ക് തുടക്കമായി.
ഡിസംബർ വരെ തുലാവർഷം തുടരാനാണ് സാധ്യത. വടക്കൻ കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.




