കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.യുടെയും നിഷ ജോസ് കെ. മാണിയുടെയും മകനും അന്തരിച്ച നേതാവ് കെ.എം. മാണിയുടെ കൊച്ചുമകനുമായ കെ.എം. മാണി ജൂനിയർ എൽ.ഡി.എഫ്.
സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം പൂർത്തിയാക്കിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിലും പങ്കെടുത്തു. പ്രാദേശിക നേതാക്കൾക്കൊപ്പം വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയാണ് കെ.എം. മാണി ജൂനിയർ നടത്തുന്നത്.
ബെംഗളൂരുവിലെ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. ചെറുപ്പം മുതലേ പ്രചാരണപരിപാടികളിൽ കെ.എം. മാണി ജൂനിയർ പങ്കെടുക്കാറുണ്ടെന്ന് നിഷ ജോസ് കെ. മാണി പറഞ്ഞു.
തിരഞ്ഞെടുപ്പിനുശേഷം ഏതാനും മാസങ്ങൾ മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ എന്നീ സംസ്ഥാനങ്ങളിൽ സോഷ്യൽ വർക്കിനായി പോകാനും തുടർന്ന് ഉന്നത പഠനത്തിനു ചേരാനുമാണ് അദ്ദേഹത്തിൻ്റെ തീരുമാനം.




