തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ ആകെ ബസുകളുടെ എണ്ണം 5,755 ആണ്. ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി സർവീസ് നടത്താതെ കിടക്കുകയാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
വിവരാവകാശ അപേക്ഷകനായ മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. ആകെ ബസുകളിൽ 2,988 എണ്ണം ഓർഡിനറി വിഭാഗത്തിലുള്ളവയാണ്.
സി.എഫ്. റിപ്പയർ, അപകടത്തെ തുടർന്നുള്ള അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി കിടക്കുന്ന 665 ബസുകളിൽ 281 എണ്ണം ഓർഡിനറി ബസുകളാണ്. 58 ജെ.എൻ.എൻ.യു.ആർ.എം നോൺ-എസി ബസുകളും 50 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഇതിൽ ഉൾപ്പെടുന്നു. ഏഴ് ബസുകൾ പൊലീസ് കസ്റ്റഡിയിലുമാണ്.
അതേസമയം, കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിൽ പഴക്കമേറിയ വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എസി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾക്ക് 15 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
കാലപ്പഴക്കം ചെന്നതും അധിക അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ ബസുകൾ സെൻട്രൽ, റീജിയണൽ വർക്ക്ഷോപ്പുകൾ മുഖേന വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.എസ്.ടി.സി. മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്. നിലവിൽ 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച കണക്കുകളും വിവരാവകാശ മറുപടിയിൽ ഉൾപ്പെടുന്നു. സി.എ.ജി ഓഡിറ്റ് ചെയ്ത ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023 മാർച്ച് 31-ലെ ബാലൻസ് ഷീറ്റ് അനുസരിച്ച് കെഎസ്ആർടിസിയുടെ ആകെ ബാധ്യതകളും ആസ്തികളും 20,157 കോടിയിലേറെ രൂപയാണ്.
ഡിപ്പോകളിൽ നിന്നും സബ് ഡിപ്പോകളിൽ നിന്നുമുള്ള വാടകയിനത്തിലുള്ള വരുമാനം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ നേരിട്ടെത്തി പരിശോധിക്കാമെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.




