കോട്ടയം: ഭരണസമിതിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം കമ്മറ്റി വിളിച്ചുചേർത്ത ഡെലിഗേറ്റ് പൊതുയോഗം തർക്കത്തിലും കയ്യാങ്കളിയിലും കലാശിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കുമരകം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് യോഗം പിരിച്ചുവിട്ടു. കഴിഞ്ഞ കുറച്ചുനാളുകളായി കമ്മിറ്റിക്കുള്ളിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് യോഗം ചേർന്നതെങ്കിലും നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്.
യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എ.കെ. ജയപ്രകാശ്, സെക്രട്ടറി ആനന്ദക്കുട്ടനെതിരെ തയ്യാറാക്കിയ കുറ്റാരോപണ പ്രസ്താവന വായിക്കുകയും ഇത് കൈയടിച്ച് പാസാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സെക്രട്ടറിയെ പുറത്താക്കണമെന്നതായിരുന്നു പ്രസ്താവനയിലെ പ്രധാന ആവശ്യം. ഒരു വിഭാഗം ഇത് അംഗീകരിച്ചതോടെ പ്രസിഡന്റ് യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി മൈക്ക് കയ്യിലെടുത്തതോടെ മാനേജർ അത് പിടിച്ചുവാങ്ങാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.
ഡെലിഗേറ്റ് അംഗങ്ങൾക്ക് പോലും സംസാരിക്കാൻ അനുമതി നൽകാതെ ഏകപക്ഷീയമായി പ്രസ്താവന പാസാക്കാനുള്ള നീക്കത്തെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. യോഗം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പുറത്ത് കാത്തുനിന്ന പോലീസ് സംഘം ഹാളിലേക്ക് പ്രവേശിക്കുകയും രംഗം ശാന്തമാക്കി യോഗം പിരിച്ചുവിടുകയുമായിരുന്നു. തനിക്ക് പറയാനുള്ള മറുപടി കേൾക്കാൻ പോലും തയ്യാറാകാതെയാണ് പ്രസിഡന്റ് യോഗം പിരിച്ചുവിട്ടതെന്ന് സെക്രട്ടറി ആനന്ദക്കുട്ടൻ ആരോപിച്ചു.




