ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റങ്ങളുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എം.ബി.ബി.എസ് കോഴ്സിന്റെ നിശ്ചിത പഠനകാലമായ 4.5 വർഷത്തേക്ക് മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നതാണ് പ്രധാന നിർദേശം. പഠനകാലാവധിയെ കവിയിച്ച് അഞ്ച് മുതൽ അഞ്ചര വർഷം വരെ ഫീസ് ഈടാക്കുന്നുവെന്ന പരാതികളെത്തുടർന്നാണ് നടപടി.
‘കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ 2024’ മാർഗ്ഗരേഖ അനുസരിച്ച്, എം.ബി.ബി.എസ് കോഴ്സിൽ 4.5 വർഷത്തെ അക്കാദമിക് പഠനവും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പുമാണ് ഉൾപ്പെടുന്നത്. ഇന്റേൺഷിപ്പ് കാലയളവിൽ ക്ലാസ് മുറികളിലെ പഠനം നടക്കാത്തതിനാൽ ആ സമയത്തേക്ക് ഫീസ് ഈടാക്കുന്നത് ശരിയായ രീതിയല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 പ്രകാരം എല്ലാ മെഡിക്കൽ കോളേജുകളും നിശ്ചിത കോഴ്സ് ഘടന പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് ന്യായവും സുതാര്യവും ആയിരിക്കണമെന്ന സുപ്രീം കോടതി വിധികളും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകാതിരിക്കുകയോ, മറിച്ച് ഫീസ് ഈടാക്കുകയോ ചെയ്യുന്ന പ്രവണതകളും ഗൗരവമായി കാണണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പരിഗണനയിലുള്ള കേസുകളും പരാമർശിച്ചു.
മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഫീസ് ഘടനയിൽ സുതാര്യത ഉറപ്പാക്കുകയും വിദ്യാർത്ഥികളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കുകയുമാണ് പുതിയ നിർദേശങ്ങളുടെ ലക്ഷ്യം.




