ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ലിമിറ്റഡിന്റെ നഷ്ടം ഗണ്യമായി കുറഞ്ഞതോടെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദഫലങ്ങൾ പ്രകാരം പ്രവർത്തന വരുമാനം 47 ശതമാനം വർധിച്ച് 3,531 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,400 കോടി രൂപയായിരുന്നു. കമ്പനിയുടെ ശുദ്ധനഷ്ടം 1,391 കോടി രൂപയിൽ നിന്ന് 166.3 കോടി രൂപയായി കുറഞ്ഞു. അതേസമയം, പലിശയും നികുതിയും കുറയ്ക്കുന്നതിന് മുൻപുള്ള നഷ്ടം 233 കോടിയിൽ നിന്ന് 255 കോടി രൂപയായി ഉയർന്നു.
മീഷോ പ്ലാറ്റ്‌ഫോമിലെ മൊത്തം ഓർഡറുകൾ 71.7 കോടിയായി ഉയർന്നു. നെറ്റ് മെർച്ചൻഡൈസ് വാല്യൂ 43 ശതമാനം വർധിച്ച് 11,371 കോടി രൂപയിലെത്തി. വാർഷികാടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ എണ്ണം 33 ശതമാനം ഉയർന്ന് 26.4 കോടിയായി. ശരാശരി ഒരു ഉപഭോക്താവ് പത്ത് തവണയെങ്കിലും മീഷോയിലൂടെ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഇപ്പോഴും വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് മീഷോ സിഇഒ വിദിത് ആത്രേ പറഞ്ഞു. ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ 30 ശതമാനം പേർ മാത്രമാണ് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപസ്ഥാപനമായ മീഷോ പേയ്‌മെന്റ്സിൽ 100 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. മികച്ച സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിട്ടും ഓഹരി വിപണിയിൽ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. എൻഎസ്ഇയിൽ ഓഹരി വില 3.6 ശതമാനം താഴ്ന്നെങ്കിലും പിന്നീട് 3.32 ശതമാനം നേട്ടത്തോടെ 199.80 രൂപയിൽ വ്യാപാരം നടത്തി.






