ദുബായ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനിടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകളും താൽക്കാലികമായി ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനകം ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശത്തുള്ള പൗരന്മാർ അടിയന്തര സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ യുഎഇ ദൗത്യസ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി തുടർച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ആവശ്യമായപ്പോൾ കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രാലയം അറിയിച്ചു.




