ഇസ്ലാമാബാദ്: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയൊരുങ്ങുമ്പോൾ, പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമായി വിസ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ച് പാകിസ്താൻ സർക്കാർ.
‘ഇസ്ലാമാബാദ് ടോക്സ് 2026’യിൽ പങ്കെടുക്കുന്നവർക്ക് മുൻകൂർ വിസ ഇല്ലാതെയും യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായി രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന സമയത്ത് തന്നെ ‘വിസ ഓൺ അറൈവൽ’ സൗകര്യം നൽകും. ഇതിനായി പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
വിസയില്ലാതെ തന്നെ ഈ വിഭാഗക്കാർക്ക് യാത്ര അനുവദിക്കണമെന്ന നിർദേശം എല്ലാ വിമാനക്കമ്പനികൾക്കും നൽകിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ചർച്ചകൾ സുഗമമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്ലാമാബാദ്യിൽ സമാധാന ചർച്ചകൾക്ക് മുന്നോടിയായി കർശന സുരക്ഷ ഏർപ്പെടുത്തി. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ‘റെഡ് സോൺ’ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചു.
പ്രതിനിധികളോടൊപ്പമുള്ള അംഗരക്ഷകർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ വിലക്കുണ്ട്. അതേസമയം, ഇറാൻ പ്രതിനിധികൾ എത്തിയെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. ലെബനൻ വിഷയത്തിൽ വെടിനിർത്തൽ വരാതെ അമേരിക്കയുമായി ചർച്ചകൾക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.




