ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിനെ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം മൂന്നായി കുറഞ്ഞു. അതേസമയം ബിജെപിയുടെ അംഗസംഖ്യ 113 ആയി ഉയർന്നു. രാഘവ് ഛദ്ദ, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിലേക്ക് ലയിച്ച എംപിമാർ.
ലയനത്തിന് ശേഷം തങ്ങളെ ബിജെപി എംപിമാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ രാജ്യസഭാ ചെയർമാനെ സമീപിച്ചിരുന്നു. ഈ അപേക്ഷ സ്വീകരിച്ചതോടെയാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. തുടർന്ന് രാജ്യസഭാ വെബ്‌സൈറ്റിലും അംഗങ്ങളുടെ പട്ടികയിൽ മാറ്റം വരുത്തി. അതേസമയം, പാർട്ടി മാറിയ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപിയും രാജ്യസഭാ ചെയർമാനോട് നിവേദനം സമർപ്പിച്ചിരുന്നു.




