ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനം ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ എംഎൽഎയുടെ ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് നെടുമുടി പൊലീസ് അറിയിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് റെജി ചെറിയാൻ അല്ലെന്നും, അദ്ദേഹം വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും, ഇയാളുടെ മെഡിക്കൽ പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തുംവരെ റെജി ചെറിയാൻ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായും അറിയിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എസി റോഡിൽ ചമ്പക്കുളത്തിന് സമീപമാണ് അപകടം നടന്നത്. ആലപ്പുഴ നെടുമുടി ആശാരിപറമ്പിൽ സുനീഷിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സുനീഷിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തിന് ബോധം വീണ്ടെടുത്തിട്ടില്ല. ബോധം വീണ്ടെടുത്താൽ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഇതിനിടെ സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. മദ്യപിച്ച് വാഹനം ഓടിച്ച എംഎൽഎയാണ് അപകടത്തിന് കാരണമായതെന്നും തുടർന്ന് സ്ഥലം വിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് നടപടിയിൽ ഒത്തുകളി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. പിന്നീട് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയതായും, അത് ഫ്രണ്ട്സ് ഓൺലി ആക്കിയതാണെന്നും ജെയിംസ് സാമുവൽ വിശദീകരിച്ചു.




