ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുള്ള ജോൺ എഫ്. കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ യാത്രാവിമാനത്തിൽ ഡ്രോൺ ഇടിച്ചു. ലാസ് വെഗാസിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തിയ ജെറ്റ്ബ്ലൂ എയർവേയ്സിന്റെ ഫ്ലൈറ്റ് 948-നായ എയർബസ് A321 വിമാനത്തിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.15ഓടെയായിരുന്നു അപകടം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
റൺവേയിലേക്ക് താഴ്ന്നുപറക്കുന്നതിനിടെ ഏകദേശം 3,000 അടി ഉയരത്തിൽ കോക്ക്പിറ്റിന് തൊട്ടുമുകളിലായി ഡ്രോൺ വന്നിടിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. ഇടിയുടെ വിവരം അറിയിച്ചതിന് പിന്നാലെ മിനിറ്റുകൾക്കകം വിമാനം സുരക്ഷിതമായി ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി.
ലാൻഡിംഗിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ജെറ്റ്ബ്ലൂ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം ആരംഭിച്ചു. വിമാനത്താവളങ്ങൾക്ക് സമീപം അനധികൃതമായി ഡ്രോൺ പറത്തുന്നത് അതീവ അപകടകരവും നിയമവിരുദ്ധവുമാണെന്ന് എഫ്.എ.എ വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾക്ക് കനത്ത പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
അടുത്തിടെ ന്യൂയോർക്കിന് സമീപമുള്ള നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ ഡ്രോൺ ഇടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായിരുന്നു. വിമാനത്താവളങ്ങൾക്ക് സമീപമുള്ള അനധികൃത ഡ്രോൺ പറത്തൽ വ്യോമഗതാഗത സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




