കാസർകോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമാകുമ്പോൾ തൃക്കരിപ്പൂരിൽ സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ആയിരുന്നു അരങ്ങേറിയത്. സന്ദീപ് വാരിയർ യുഡിഫ് സ്ഥാനാർത്ഥിയായി മാസ്സ് എൻട്രി നടത്തിയപ്പോൾ, എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനൽ ചർച്ചകളിൽ വൻ സാന്നിധ്യമായിരുന്ന രണ്ട് പേർ നേർക്കുനേർ ഇനി പോർക്കളത്തിൽ ഏറ്റുമുട്ടും.
പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ പരിശ്രമം നടത്തുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന തൃക്കരിപ്പൂർ ഇത്തവണ വലത്തോട്ട് ചായുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ അതിനു യാതൊരു സാധ്യതയുമില്ലന്ന് ഉറപ്പിച്ചു കൊണ്ടാണ് മുസ്തഫയുടെ പ്രചരണം. എൻ.ഡി.എ. ഇക്കുറി ഇറക്കിയത് ട്വന്റി-ട്വന്റിയെയാണ്. ഏതാനും ദിവസം മുൻപ് പാർട്ടിയിൽ ചേർന്ന കാഞ്ഞങ്ങാട്ടുകാരനായ രവി കുളങ്ങരയാണ് അവരുടെ സ്ഥാനാർഥി. എന്തായാലും ഇത്തവണ പോരാട്ടത്തിന് ഒരൽപം വീര്യം കൂടും.





