ന്യൂഡൽഹി: വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകനെ സുപ്രിം കോടതി വെറുതെവിട്ടു. മറ്റൊരു വിദ്യാർഥിയുടെ പരാതിയിലാണ് വിദ്യാർഥിയെ അദ്ധ്യാപകൻ ശകാരിച്ചത്. പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്തു. വഴക്ക് പറഞ്ഞതിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യ ചെയ്തെന്നായിരുന്നു ഉയർന്നു വന്ന ആരോപണം.
ശകാരിച്ചതിന്റെ പേരിൽ വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചേർക്കപ്പെട്ട വ്യക്തി ഒരിക്കലും കരുതിയിട്ടുണ്ടാവില്ലെന്ന് വിലയിരുത്തിയാണ് കോടതി അധ്യാപകനെ വെറുതെ വിട്ടത്. ചീത്ത പറഞ്ഞതിൻ്റെ പേരിൽ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് ഒരു സാധാരണക്കാരനും സങ്കൽപ്പിച്ചിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുല്ല. പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 പ്രകാരം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിം കോടതി റദ്ധാക്കിയത്.
വിദ്യാർത്ഥി കുറ്റകൃത്യം ആവർത്തിക്കാതിരിക്കാനും ഹോസ്റ്റലിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താനുമാണ് ഒരു രക്ഷിതാവെന്ന നിലയിൽ വിദ്യാർഥിയെ വഴക്ക്മ പറഞ്ഞത്. മരിച്ച കുട്ടിയുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും അധ്യാപകൻ കോടതിയെ അറിയിച്ചു.




