അറ്റ്ലാന്റ: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് മറ്റൊരു കുഞ്ഞൻ ടീം കൂടി കയറുന്നു. ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ ഇന്ന് മൈതാനത്തിറങ്ങും. മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരും യൂറോപ്യൻ ജേതാക്കളുമായ സ്പെയിനാണ് കേപ് വെർദെയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9:30 നാണ് മത്സരം. മികച്ച ജയത്തോടെ ടൂർണമെന്റിന് തുടക്കമിടാനാണ് സ്പെയിൻ ഒരുങ്ങുന്നത്. കേപ് വെർദെ സ്വപ്നം കാണുന്നത് ഒരു വമ്പൻ അട്ടിമറിയും. സൗദി അറേബ്യ, യുറുഗ്വായ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.





