മൈസൂരു: മൈസൂരുവിലെ ഒരു പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർടി നഗർ ദത്തഗള്ളിയിലെ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് അപകടം ഉണ്ടായത്.
അടുക്കളയിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പബ്ബിനകത്ത് തീപടരുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ഡാർജിലിംഗ് സ്വദേശിയായ സഹീനും നേപ്പാൾ സ്വദേശിയായ പ്രകാശും മരിച്ചതായി സ്ഥിരീകരിച്ചു. ഇരുവരും പബ്ബിലെ ജീവനക്കാരായിരുന്നു.
പരിക്കേറ്റ അഞ്ച് പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തം ഉണ്ടായപ്പോൾ രണ്ടാം നിലയിൽ നിന്ന് ജനൽ വഴി ചിലർ താഴേക്ക് ചാടിയതായും വിവരമുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി തീയണച്ച് നിയന്ത്രണത്തിലാക്കി.




