തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് നടപടികൾ സിപിഐഎം– കോണ്‍ഗ്രസ് തമ്മിലുള്ള ധാരണയുടെ ഫലമാണെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയർത്തുന്നത്.
സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രണ്ട് പാർട്ടികളും തമ്മിൽ പങ്കിട്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി, കുന്നംകുളം നഗരസഭ പരിസരത്ത് ബിജെപി കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. നഗരസഭയിലെ അധികാര വിന്യാസത്തിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പും ബിജെപി നൽകി.




