Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മാർക്ക്’ കണക്കുകളോ പഠനനിലവാരമോ? സബ്ജക്ട് മിനിമത്തിൽ സർക്കാർ പിന്മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹൈസ്കൂൾ ക്ലാസുകളിൽ (8, 9, 10 ക്ലാസുകളിൽ) നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ‘സബ്ജക്ട് മിനിമം മാർക്ക്’ (എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക്) വ്യവസ്ഥ താൽക്കാലികമായി മരവിപ്പിച്ച സർക്കാരിന്റെ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘സബ്ജക്ട് മിനിമം’ വ്യവസ്ഥ ഈ അധ്യയന വർഷം നടപ്പാക്കേണ്ടതില്ലന്നാണ് സതീശൻ സർക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ തീരുമാനം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. മൂല്യനിർണയത്തിന്റെ (CE) 20 ശതമാനം മാർക്കുകൂടി കൂട്ടി ജയപരാജയങ്ങൾ നിശ്ചയിക്കുന്ന പഴയ രീതി തന്നെ തുടരുമ്പോൾ, പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നത് ശരിയാണ്. എന്നാൽ, നമുക്ക് കുറച്ചു വർഷങ്ങളൊന്ന് പുറകോട്ട് സഞ്ചരിക്കാം. വർഷം 2011 ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ അധികാരത്തിലെത്തി അന്ന് മുസ്ലിം ലീഗിന്റെ പ്രബുദ്ധ നേതാവ് പി കെ അബ്‌ദുറബ്ബായിരുന്നു കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രി. അന്ന് എസ് എസ് എൽ സി പരീക്ഷാഫലം വന്നപ്പോൾ അക്ഷരമറിയാത്തവർപോലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചു. ഇതിനെതിരെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ തുറന്നുപറച്ചിലാണ് കേരളീയ പൊതുസമൂഹത്തെ കണ്ണുതുറപ്പിച്ചത്.

വിദ്യാഭ്യാസമികവുള്ള പുരോഗമന സമൂഹമാണെന്നുള്ള മലയാളികളുടെ ബോധമാണ് അന്ന് അക്ഷരാർത്ഥത്തിൽ തെറ്റിയത്. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ പാകപ്പിഴ പരിശോധിക്കാൻ ഒരു വഴിത്തിരിവായിരുന്നു ഈ വെളിപ്പെടുത്തൽ. പിന്നീട് അധികാരത്തിലെത്തിയ പിണറായി സർക്കാരാണ് പരിഹാരവുമായി വന്നത്. അന്ന് സർക്കാർ, അധ്യാപകസംഘടനകളെയും വിദഗ്ധരെയുമൊക്കെ പങ്കെടുപ്പിച്ച പ്രത്യേക വിദ്യാഭ്യാസ കോൺക്ലേവ് നടത്തി, വിശദമായ കൂടിയാലോചനയ്ക്കുശേഷം സ്കൂൾ പഠനത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപ്പാക്കിയ പരിഷ്കാരമായിരുന്നു എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക്. ഏറെ പ്രതീക്ഷാനിർഭരമായിരുന്നു 2024 മേയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഈ പ്രഖ്യാപനം.

എസ്.എസ്.എൽ.സി. എന്ന കടമ്പ കഷ്ടിച്ചു കരകയറണമെങ്കിൽ നിരന്തര മൂല്യനിർണയത്തിനുള്ള 20 മാർക്കായിരുന്നു വിദ്യാർഥികളുടെ പിൻബലം. ഈ മാർക്ക് 18-ൽ കൂടുതൽ ആർക്കും നൽകാറുമില്ല. അതിനാൽ, നൂറുമാർക്കിന്റെ പരീക്ഷയിൽ 12 മാർക്ക് എഴുതി നേടിയാൽമതി. നിരന്തരമൂല്യനിർണയത്തിലെ 18 മാർക്കുകൂടിയായാൽ കടന്നുകൂടാനുള്ള 30 മാർക്കാവും. 2014-2024 വരെയുള്ള കാലയളവിൽ 48.53 ലക്ഷം പേർ പത്താം ക്ലാസ് പരീക്ഷയെഴുതിയതിൽ, മിനിമം മാർക്കില്ലാതെ 17.36 ലക്ഷം വിദ്യാർത്ഥികൾ പാസ്സായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തെക്കുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ ഗുരുതരമായ ചോദ്യങ്ങൾ ഇതിലൂടെ ഉയർന്നു വന്നു. അതിനെല്ലാമുപരി വാരിക്കോരി മാർക്കിട്ട് കുട്ടികളെ പത്താംക്ലാസ് കടത്തിവിടുന്ന രീതിയും ഗുണനിലവാരത്തെ ബാധിച്ചു. ഇതിനെല്ലാമുള്ള പരിഹാരത്തിൽ ഒരു പ്രധാന ചുവടുവെപ്പായിരുന്നു എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക്. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം. പിന്നാക്കമുള്ളവർക്ക് പഠനപിന്തുണ നൽകി, പരീക്ഷയിൽ വിജയിക്കാൻ അവസരമൊരുക്കലായിരുന്നു. പത്താംക്ലാസിൽ ഒറ്റയടിക്ക് ഏർപ്പെടുത്താതെ, ഹൈസ്കൂളിൽ പടിപടിയായി നടപ്പാക്കാൻ ഉത്തരവിറങ്ങി. അതനുസരിച്ച്, 2024-25-ൽ എട്ടാം ക്ലാസിലും 2025-26-ൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് നിലവിൽ വന്നു.

എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും വിജയകരമായി പരീക്ഷിച്ച്, ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ നടപ്പാക്കാനിരിക്കെയാണ് ഈ പെട്ടെന്നുള്ള പിന്മാറ്റം. മിനിമം മാർക്ക് നിബന്ധന കർശനമാക്കിയാൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി വിജയശതമാനം 99-ൽ നിന്നും 60-65 ശതമാനത്തിലേക്ക് കുത്തനെ ഇടിയുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ റിപ്പോർട്ടാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന പ്രായോഗിക പ്രശ്നമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. വിജയശതമാനം കുറയുന്നത് പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്നും ഹയർ സെക്കൻഡറി മേഖലയിൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നുമുള്ള ആശങ്കയുമാണ് സർക്കാരിനെ അലട്ടുന്ന പ്രശ്‌നം. മിനിമം മാർക്കൊഴിവാക്കുമ്പോൾ പഠനനിലവാരം ഉറപ്പാക്കാൻ എന്തു ബദലെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. സ്കൂൾവിദ്യാഭ്യാസ സമ്പ്രദായത്തിൽ സത്യസന്ധമായ പരിശോധന വേണമെന്ന് 2013-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ബിജു പ്രഭാകർ അന്നത്തെ സർക്കാരിനോട് ശുപാർശചെയ്തിരുന്നു. നിലവാരം ഉറപ്പാക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നടപ്പാക്കണമെന്ന് 2016-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്. ജയ അധ്യക്ഷയായ സമിതിയും റിപ്പോർട്ട് നൽകി. ഇതെല്ലാം മുൻനിർത്തിയായിരുന്നു 2024-ലെ സർക്കാർപ്രഖ്യാപനം.

രാഷ്ട്രീയ-ഭരണപരമായ മാറ്റങ്ങൾക്കൊടുവിൽ ഇത്തരം സുപ്രധാന വിദ്യാഭ്യാസ പരിഷ്കാരങ്ങൾ അവസാന നിമിഷം അട്ടിമറിക്കപ്പെടുന്നത് പൊതുവിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത കുറയ്ക്കും. വിജയശതമാനം നിലനിർത്തുന്നതിനൊപ്പം തന്നെ കുട്ടികളുടെ പഠനനിലവാരവും ഉറപ്പാക്കാൻ പോന്ന ശക്തമായ ബദൽ സംവിധാനങ്ങളെക്കുറിച്ച് സർക്കാർ അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്. കേവലം കണക്കുകളിലെ ജയമല്ല, അറിവുള്ള തലമുറയെ വാർത്തെടുക്കലാകണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ ലക്ഷ്യം

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix