കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയായ അറക്കലപ്പൊയിലിൽ പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം തെരുവ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരിൽ ആശങ്ക ഉയർന്നു.
പ്രദേശത്ത് കറങ്ങി നടന്നിരുന്ന നായയെ അജ്ഞാത വന്യജീവി പിടികൂടുന്നതായി കണ്ടതായി കരുവന്റെപൊയിൽ ചന്ദ്രൻ എന്ന നാട്ടുകാരൻ പറഞ്ഞു. സംഭവം കണ്ടതോടെ ഭയന്ന് ഇയാൾ സമീപത്തെ മരത്തിൽ കയറി രക്ഷപ്പെട്ടതായും പറയുന്നു. പിന്നീട് വന്യജീവി പ്രദേശത്ത് നിന്ന് മടങ്ങിയതോടെ മാത്രമാണ് ഇയാൾ താഴെയിറങ്ങിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അറക്കലപ്പൊയിലിലെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.




