വാഷിങ്ടൻ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുത്തി യുഎസിന്റെ ‘പുതിയ ഭൂപടം’ പങ്കുവച്ച് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ്, ക്യൂബ, മറ്റു പ്രാദേശിക മേഖലകൾ എന്നിവ ഉൾപ്പെടുത്തിയ ‘വിശാല യുഎസ് ഭൂപട’മാണ് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് പുറത്തുവിട്ടത്. അമേരിക്കൻ പതാക പുതപ്പിച്ച ഭൂപടത്തിന്റെ എഐ ചിത്രമാണിത്. ചിത്രത്തിന് അടിക്കുറിപ്പോ മറ്റു വിശദാംശങ്ങളോ ട്രംപ് നൽകിയിട്ടില്ല. മാത്രമല്ല, ഭൂപടം ഏതെങ്കിലും ഔദ്യോഗിക നയപ്രഖ്യാപനത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള സൂചനകളുമില്ല.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 23 പരമാധികാര രാഷ്ട്രങ്ങളും ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡും കരീബിയൻ മേഖലയിലെ പല രാജ്യങ്ങളും ഭൂപടത്തിന്റെ ഭാഗമായിട്ടുണ്ട്. കാനഡ, ഗ്രീൻലൻഡ്, ഐസ്ലൻഡ്, മെക്സിക്കോ, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, ഹെയ്തി, എൽ സാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയപ്പോൾ ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അരൂബ, ബോണയർ, കുറക്കാവോ തുടങ്ങിയ കരീബിയൻ രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.













