വാഷിംഗ്ടൺ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താൽക്കാലിക അധിക തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം. ഫെബ്രുവരി 24 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഗണിച്ചും രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാട് അസന്തുലിതാവസ്ഥകൾ നിയന്ത്രിക്കാനുമാണ് നടപടി. ചില നിർണായക ഉൽപ്പന്നങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും അനുകൂലമായി വ്യാപാര ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുവയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാട് അസന്തുലിതാവസ്ഥകൾ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരമാണ് പ്രസിഡൻ്റ് ട്രംപ് ഇതിനായി ഉപയോഗിച്ചത്. ഈ നിയമപ്രകാരം പരമാവധി 15 ശതമാനം വരെ തീരുവ 150 ദിവസത്തേക്ക് ഏർപ്പെടുത്താൻ കഴിയും. കോൺഗ്രസ് കാലാവധി നീട്ടിയില്ലെങ്കിൽ 150 ദിവസത്തിന് ശേഷം ഈ തീരുവ സ്വയം കാലഹരണപ്പെടും.
അതേസമയം, ആവശ്യമായാൽ പുതിയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സമാന നടപടികൾ വീണ്ടും സ്വീകരിക്കാൻ പ്രസിഡന്റിന് സാധിക്കുമെന്നാണു വ്യാപാര വിദഗ്ധരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നോട്ട് വെച്ച വ്യാപാര നയങ്ങളുമായി ഭരണകൂടം തുടരുമെന്ന സൂചന കൂടിയാണ് പുതിയ പ്രഖ്യാപനം.




