കോട്ടയം: കെപിസിസി സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക മേളയും പുസ്തകോത്സവവും ‘ഉത്സവ്’ ഇന്ന് ആരംഭിക്കും. കോട്ടയം ഇൻഡോർ സ്റ്റേഡിത്തിൽ രാവിലെ 10 മണിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ്കുമാർ അറിയിച്ചു.
സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ്, പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ, ചലച്ചിത്ര താരം രവീന്ദ്രൻ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈവിധ്യമാർന്ന കലാപരിപാടികളും സാഹിത്യ ചർച്ചകളും പുസ്തക പ്രദർശനവുമാണ് ഒരാഴ്ചക്കാലം കോട്ടയത്തിന് ആവേശം പകരുക. സാംസ്‌കാരിക മേളയുടെ സമാപന സമ്മേളനം ഫെബ്രുവരി 17-ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.




