കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞ സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ ബൈക്കിൽ സ്ഥിരമായി ഇവരെ തേടിയെത്താറുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയതായാണ് വിവരം.
വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ലേഖാ മേരി (48)യെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ രാജുവും ലേഖാ മേരിയും മാത്രമാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് രാജുവിനെ അബോധാവസ്ഥയിൽ ബന്ധുക്കൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ലേഖാ മേരി ആവശ്യപ്പെട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന സഹോദരനാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്.
അസ്വാഭാവിക മരണത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ രാജുവിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയച്ചു. കഴുത്തിൽ അമർത്തിയതിനെ തുടർന്നാണ് മരണമുണ്ടായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
തുടർന്ന് ലേഖാ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് ലേഖാ മേരി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
രാജു സൗമ്യനായിരുന്നെന്നും മദ്യപിക്കാറില്ലായിരുന്നെന്നും നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായിരുന്നു രാജു. സ്വത്ത് സംബന്ധിച്ച് ലേഖാ മേരി നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിൽ പിണങ്ങി അകന്നുകഴിഞ്ഞിരുന്നെന്നും ഏകദേശം ഒരുവർഷം മുമ്പാണ് വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതെന്നും വിവരമുണ്ട്.
ഇവരുടെ ഏക മകൾ ബന്ധുവിന്റെ വീട്ടിൽ താമസിച്ചാണ് പഠിക്കുന്നത്. ഭാര്യയുടെ സുഹൃത്തിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.


