ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരേ കേസെടുത്ത് പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ് മാനേജർക്കെതിരേ ബെംഗളൂരു കബ്ബൺ റോഡ് പോലീസ് കേസെടുത്തത്.
ഇതിനു മുൻപും ഈക്കാര്യം ചൂണ്ടിക്കാട്ടി കബ്ബൺ റോഡ് പോലീസ് പബ്ബ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നും പുകവലിക്കാനുള്ള സംവിധാനം ഒരുക്കാതിരുന്നതിനെ തുടർന്നാണ് കേസെടുത്തത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവർത്തിക്കുന്നത്.
രാത്രി ഒരു മണിക്ക് ശേഷം പബ്ബ് പ്രവർത്തിച്ചു എന്ന കാരണത്താൽ നേരത്തേയും സ്ഥാപനത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിൽ ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്ററും ചെയ്‌തിരുന്നു. എംജി റോഡിൽ നിശ്ചിത സമയപരിധിക്കപ്പുറം പ്രവർത്തിച്ച സ്ഥാപനങ്ങൾക്കൊപ്പമാണ് വൺ 8-നെതിരെയും നടപടിയുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞും പ്രദേശത്തുനിന്ന് വലിയ ഉച്ചത്തിൽ മ്യൂസിക് കേൾക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് നടപടി.




