2004 ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ എന്തുകൊണ്ട് പ്രധാനമന്ത്രി പദം ഏറ്റെടുത്തില്ല എന്നതില്‍ വിശദീകരണവുമായി സോണിയ ഗാന്ധി. സഖ്യകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ പദവി ഏറ്റെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് പുറത്തിറങ്ങിയ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് പ്രധാനമന്ത്രി പദം നിരസിച്ചതിന് പിന്നിലെ സംഭവങ്ങള്‍ സോണിയ വെളിപ്പെടുത്തിയത്. കേവലം രാജീവ് ഗാന്ധിയുമായുള്ള പ്രണയ കാലത്തിന്റെ വിവരണങ്ങൾക്കപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഒരു യുഗത്തിന്റെ നേർചിത്രം കൂടിയാണ് തന്റെ പുസ്തകമെന്ന് സോണിയ പറയാതെ പറയുകയാണിവിടെ.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നോട് ചോദിച്ചിരുന്നുവെന്ന് സോണിയ പറയുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പായിരുന്നു ഇത്. ‘ഒരിക്കലുമില്ല’ എന്നായിരുന്നു അന്ന് മറുപടി. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും മക്കളോട് പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ കുടുംബത്തിലുണ്ടാക്കിയ ആഘാതമായിരുന്നു മക്കളുടെ എതിര്‍പ്പിന് പ്രധാന കാരണം. പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത് അമ്മയുടെ ജീവന് കൂടുതല്‍ ഭീഷണിയുണ്ടാക്കുമെന്ന് രാഹുലും പ്രിയങ്കയും ഭയപ്പെട്ടിരുന്നതായും സോണിയ ഓര്‍മക്കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസ് സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. സഖ്യകക്ഷി നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ സമ്മതിച്ചോയെന്ന് രാഹുല്‍ ചോദിച്ചു. സമ്മര്‍ദത്തിന് വഴങ്ങേണ്ടിവന്നതാണെന്നും തനിക്ക് ആ പദവി വേണ്ടെന്ന് അറിയാമല്ലോയെന്നും സോണിയ മറുപടി നല്‍കി.
എന്നാൽ, സമ്മർദത്തിന് വഴങ്ങരുതെന്ന് രാഹുലും പ്രിയങ്കയും ആവശ്യപ്പെട്ടതായി സോണിയ ഗാന്ധി വ്യക്തമാക്കി. തന്റെ ഉള്ളിൽ രണ്ട് ചിന്തകൾ തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്നുവെന്നും അവർ വെളിപ്പെടുത്തി. പ്രധാനമന്ത്രി പദം സ്വീകരിച്ചാല്‍ രാജ്യത്തിന് തന്നെ ദോഷകരമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും തന്നെ അലട്ടിയിരുന്നുവെന്ന് സോണിയ പറയുന്നു. തന്റെ വിദേശ ബന്ധം ബിജെപിയും സഖ്യകക്ഷികളും രാഷ്ട്രീയ ആയുധമാക്കുമെന്നും അത് രാജ്യത്ത് കൂടുതല്‍ ഭിന്നതക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവക്കുമെന്നും കരുതി. രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷ അടിത്തറയും സംരക്ഷിക്കുകയാണ് പ്രധാനമെന്നും അധികാരത്തിലെത്തുക എന്നതല്ല തന്റെ ലക്ഷ്യമെന്നും സോണിയ വ്യക്തമാക്കുന്നു.
ഇന്നലെ പുറത്തിറങ്ങിയ പുസ്തകത്തിലാണ് 2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച് സോണിയ ഗാന്ധി വിശദീകരിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ വധത്തിലേക്ക് നയിച്ച ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെ കുറിച്ചും സോണിയ വിശദമാക്കുന്നു. വലിയ ആത്മസംഘര്‍ഷമാണ് ആ നാളുകളില്‍ ഇന്ദിരഗാന്ധി അനുഭവിച്ചത്. സുവര്‍ണ്ണക്ഷേത്രത്തിലെ കാഴ്ചകള്‍ അവരുടെ കണ്ണ് നിറച്ചു. നിരന്തരം വധഭീഷണിയെത്തി. വധിക്കപ്പെടുമെന്ന് ഉറപ്പുള്ള ഇന്ദിരാഗാന്ധി കരയരുതെന്ന് രാഹുലിനോട് പറഞ്ഞിരുന്നുവെന്നും സോണിയ കുറിക്കുന്നു. സംഘപരിവാര്‍ അജണ്ടകളെ നിശിതമായി വിമര്‍ശിക്കുന്നിടത്ത് ആ സ്വാധീനമാണ് മോദിയുടെ നെഹ്റു വിരോധത്തിന് പിന്നിലെന്ന് സോണിയ ആരോപിക്കുന്നു. ഔദ്യോഗിക ചടങ്ങുകളില്‍ പരമാവധി മുഖത്ത് നോക്കാതിരിക്കാന്‍ മോദി ശ്രമിക്കുമെന്നും സോണിയ എഴുതുന്നു. 527 പേജുള്ള പുസ്തകത്തിലെ പ്രസക്തമായ മറ്റ് പല ഭാഗങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു.
പിന്നീട് അധികാരമേറ്റ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സര്‍ക്കാരും തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയും സുഗമമായി പ്രവര്‍ത്തിച്ചെന്നും സോണിയ സമ്മതിക്കുന്നുണ്ട്. ഒപ്പം ചെറിയൊരു രാഷ്ട്രീയ ബോംബും പൊട്ടിച്ചു. അത് മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മൂഖർജിയുമായി ബന്ധപ്പെട്ടാണ്. പില്‍ക്കാലത്ത് മന്‍മോഹന്‍ സിങ്ങിനെ മാറ്റി പ്രധാനമന്ത്രിക്കസേരയിലെത്താന്‍ പ്രണബ് മുഖര്‍ജി ആഗ്രഹിച്ചിരുന്നുവത്രേ. ഉന്നത തലത്തില്‍ ഒരു മാറ്റത്തിന് സമയമായെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞത് തന്നെ ഞെട്ടിച്ചതായും സോണിയ പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ വളരെ സൗമ്യമായി സംസാരവിഷയം മാറ്റി. അദ്ദേഹത്തിന് ഒരുപക്ഷേ നിരാശ തോന്നിയിട്ടുണ്ടാകാം. എന്നാല്‍, എന്തെങ്കിലും അതൃപ്തിയുണ്ടെന്നു പ്രണബ് ഒരിക്കലും തോന്നിച്ചില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് 2012ല്‍ യുപിഎ സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്യുകയും, അദ്ദേഹം തിരഞ്ഞെടുത്തതോടെ ആ പ്രശ്നം തീർന്നെന്നും സോണിയ പറയുന്നുണ്ടെങ്കിലും ഈ വെളിപ്പെടുത്തലുകൾ പുതിയ വിവാദങ്ങളുടെ തുടക്കമാണോ എന്നാണ് കണ്ടറിയേണ്ടത്. സോണിയക്കെതിരെ പ്രണബിന്റെ മകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അച്ഛന് അങ്ങനെ ആഗ്രഹിക്കാൻ അവകാശമുണ്ടായിരുന്നുവെന്നാണ് മകളുടെ വാദം.
പുസ്തകത്തിലെ മറ്റ് കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിൽ പുറത്തിറങ്ങും. അവ ഏതെല്ലാം രീതിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.


