തിരുവനന്തപുരം: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾക്ക് വലിയ തിരിച്ചടി. ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങളും തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ 37 സർവീസുകളാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കപ്പെട്ടത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷം തുടരുന്നതിനാൽ സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സൗദി എയർലൈൻസിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. ഗൾഫ് മേഖലയിലെ പ്രശ്നം തുടങ്ങിയ ശേഷം ആദ്യം എത്തുന്ന വിമാനമാണിത്.
സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച 444 വിമാനങ്ങൾ കൂടി റദ്ദാക്കിയേക്കും.






