കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനായ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ. അഞ്ചാം പ്രതിയായ ഷമിൽരാജും ആറാം പ്രതിയായ ഷിബിനുമാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.
കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ചു.
കഴിഞ്ഞ ഞായറാഴ്ച മരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഘോഷയാത്ര കാണാൻ നിന്നതിനിടെ പ്രതികളുടെ മുന്നിൽ നിന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് വഴിമാറിയതെന്നാണ് വിവരം.
മദ്യപിച്ചെത്തിയ ആറംഗ സംഘം തടിക്കഷണങ്ങൾ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ തലയ്ക്ക് കനത്ത അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി വീഴുകയായിരുന്നു.






