ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ നഗരങ്ങളിൽ ആവേശം ഉയരുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലയിൽ കനത്ത മന്ദതയെന്ന് റിപ്പോർട്ട്. കൻസാസ് സിറ്റി, ഹൂസ്റ്റൺ, മിയാമി, ന്യൂയോർക്ക് തുടങ്ങിയ ലോകകപ്പ് വേദികളിൽ ടൂർണമെന്റിനെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളും വിപണന പ്രവർത്തനങ്ങളും സജീവമായിരിക്കുമ്പോഴും ഹോട്ടൽ ബുക്കിംഗുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ബുക്കിംഗ് നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ഗണ്യമായ കുറവാണ് കാണുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ലോകകപ്പ് വലിയ സാമ്പത്തിക ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലും മുറികൾ പകുതി പോലും ബുക്ക് ചെയ്യപ്പെടാത്തത് ആശങ്ക വർധിപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളും ഇമിഗ്രേഷൻ പരിശോധനകൾ കടുപ്പിച്ചതും അന്താരാഷ്ട്ര യാത്രക്കാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ബിസിനസ് മേഖല ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഉയർന്ന യാത്രാചെലവും ടിക്കറ്റ് നിരക്കുകളും ആരാധകരെ താമസ ബുക്കിംഗിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്.
ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 32,970 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) വരെയെത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും വില വർധന കരിഞ്ചന്ത നിയന്ത്രിക്കാനാണെന്നും ഫിഫ പ്രതികരിച്ചു.
അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിംഗ് അസോസിയേഷൻ നടത്തിയ സർവേയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ ആവശ്യകതയാണ് പല ഹോട്ടലുകളിലും രേഖപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരാധകർ തങ്ങളുടെ ടീമുകളുടെ മത്സരക്രമം വ്യക്തമാകുന്നതുവരെ ബുക്കിംഗ് വൈകിപ്പിക്കുന്നതും ഒരു കാരണമായേക്കാമെന്ന് വിലയിരുത്തുന്നു.
അതേസമയം, ലോകകപ്പിനായി ഇതുവരെ ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും ആവശ്യകത ശക്തമാണെന്നും ഫിഫ അറിയിച്ചു. വൈറ്റ് ഹൗസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതും തുടരുന്നു.





