ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീട്ടിലെ വാട്ടർ ടാങ്ക് പരിശോധിക്കുന്നതിനിടെ കണ്ടെത്തിയത് ഡസൻ കണക്കിന് പാമ്പിൻകുഞ്ഞുങ്ങളെ. ഹരിദ്വാറിലെ സാരായി ഗ്രാമം സ്വദേശിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ സ്റ്റോറേജ് ടാങ്കിനുള്ളിൽ അസാധാരണമായ അനക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്. ടാങ്കിനുള്ളിൽ നിരവധി പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പാമ്പുപിടിത്ത വിദഗ്ധരായ താലിബ്, ഭോല എന്നിവർ സ്ഥലത്തെത്തി ടാങ്കിനുള്ളിൽ കുടുങ്ങിക്കിടന്ന പാമ്പിൻകുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. ആകെ 27 പാമ്പിൻകുഞ്ഞുങ്ങളെയാണ് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ പാമ്പുകളെ പിന്നീട് വനമേഖലയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.






