പുനെ: നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ബന്ദ് ഗാർഡൻ മെട്രോ സ്റ്റേഷൻ സമീപമാണ് സംഭവം നടന്നത്.
വാഹനം തൂണിൽ ഇടിക്കുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് വഴിയരികിൽ കറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
യാഷ് ബണ്ഡാരി, ഹൃത്തിക്ക് ഭണ്ഡാരി എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ഇവർ ബന്ധുക്കളാണ്. കുശ്വന്ത് ടെക്വാനിയെ ഗുരുതര പരിക്കുകളോടെ സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രഷിക്കാനായില്ല.
മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിൽ നിന്നും മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




