മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ18-ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന്റെ മുന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽ നിന്ന് മടങ്ങുന്നത്. മുംബൈ ഇന്ത്യൻസ് മൂവർക്കും യാത്രയയപ്പ് നൽകി.
ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നവരാണ് വിൽ ജാക്സും റയാൻ റിക്കിൾട്ടനും. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് ഐപിഎലിലേക്ക് എത്തിയ കോർബിൻ ബോഷും ഈ സീസണിൽ മൂന്നു മത്സരങ്ങളിൽ കളിച്ച താരമാണ്.
വെസ്റ്റിൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടംപിടിച്ച സാഹചര്യത്തിലാണ് വിൽ ജാക്സിന്റെ മടക്കം. പരമ്പരയിലെ ആദ്യ മത്സരം ഇന്നാണ് നടക്കുക. ദക്ഷിണാഫ്രിക്കൻ താരങ്ങളായ റിക്കിൾട്ടനും ബോഷും ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗങ്ങളാണ്. ടീം വിടുന്ന താരങ്ങൾക്കു പകരമായി ഇംഗ്ലിഷ് താരങ്ങളായ ജോണി ബെയർസ്‌റ്റോ, റിച്ചാർഡ് ഗ്ലീസൻ, ശ്രീലങ്കയുടെ ചരിത് അസാലങ്ക എന്നിവരെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിട്ടുണ്ട്.




