തിരുവനന്തപുരം : കേരളം ടൂറിസം മേഖലയ്ക്ക് ഏറെ പ്രതീക്ഷയേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ഹോട്ടലുകൾ കേരളത്തിൽ എന്ന റിപ്പോർട്ടുകളാണ് അത് .ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന കേരളത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷമാണ് പുതിയ കണക്കുകൾ നൽകുന്നത്. 2019 മുതൽ 2025 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പുറമേ, 4 സ്റ്റാർ, 3 സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിലാണെന്നതും ശ്രദ്ധേയമാണ്.കേരളത്തിൽ ആകെ 94 ഫൈവ് സ്റ്റാർ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ഫോർ സ്റ്റാർ ഹോട്ടലുകൾ 420 എണ്ണവും 607 ത്രീസ്റ്റാർ ഹോട്ടലുകളും ആണ് ഉള്ളത്. ഗോവ, കർണാടക, ഡൽഹി എന്നിവയാണ് പട്ടികയിൽ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാൽ കണക്കുകളിൽ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങൾ. അതേസമയം കേരളത്തിന്റെ ഈ വളർച്ച വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ടൂറിസം മേഖലയിലെ പുരോഗതി സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു.






