അമ്രേലി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ 60കാരനെ ഭാര്യയുടെ സഹോദരങ്ങൾ ക്രൂരമായി വെട്ടിക്കൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ അർജൻസുഖ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ദിനേശ് സോളങ്കിയാണ് കൊല്ലപ്പെട്ടത്. ഏകദേശം ഒരു മാസം മുമ്പ് തർക്കത്തെ തുടർന്ന് വീട്ടുവിട്ടുപോയ ഭാര്യ മനീഷയുമായി പൊരുത്തപ്പെടാനാണ് മൂന്ന് മക്കളുടെ പിതാവായ സോളങ്കി വീട്ടിലെത്തിയത്.
സംഭവസമയത്ത് ഭാര്യയുടെ സഹോദരന്മാരായ കാഞ്ചി സവാലിയ, ഹക്കു സവാലിയ, നാണു, ബാഗ, ജാദവ് എന്നിവരും മൂന്നു പേരടങ്ങുന്ന മറ്റൊരു സംഘവുമാണ് സ്ഥലത്തെത്തിയത്. തർക്കത്തിനിടെ ബാഗ ലോഹ പൈപ്പുകൊണ്ട് സോളങ്കിയുടെ തലയക്ക് അടിച്ചു. പിന്നാലെ ജാദവും മറ്റു അക്രമികളും ചേർന്ന് സോളങ്കിയെ പിടിച്ചുനിർത്തി മഴു ഉപയോഗിച്ച് കാലുകൾ വെട്ടിമാറ്റുകയായിരുന്നു.
രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ സോളങ്കിയെ ആദ്യം അമ്രേലി സിവിൽ ആശുപത്രിയിലേക്കും പിന്നീട് രാജ്കോട്ട് സിവിൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









