ബംഗളൂരു: ഒറ്റ വർഷം കർണാടകയിൽ നടന്നിട്ടുള്ളത് 65000 സൈബർ സാമ്പത്തിക ക്രമക്കേട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ പുറത്തുവിട്ട 2024 ലെ കണക്ക് അനുസരിച്ചാണിത്. ഫസ്റ്റ്-ലെയർ മ്യൂൾ അക്കൗണ്ടുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ കർണാടക അഞ്ചാം സ്ഥാനത്താണ്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവക്ക് പിന്നിലാണ് കർണാടകയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ബാങ്കുകളുടെ അശ്രദ്ധയാണ് മ്യൂൾ അക്കൗണ്ടുകളുടെ വ്യാപനത്തിന് കാരണമെന്നും സെന്റർ ചൂണ്ടിക്കാട്ടി.
ബാങ്ക് ജീവനക്കാർ വഴി ഉപഭോക്തൃ ഡേറ്റ ചോർന്നേക്കാമെന്ന ആശങ്കയും വർധിച്ചുവരുകയാണ്. ദീർഘകാലം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്ക് ജീവനക്കാർ വഴിയാണ് ചോരുന്നത്. ഈ അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുന്നു. അവർ തട്ടിപ്പുകൾക്കായി അക്കൗണ്ട് ഉടമകളെ വാങ്ങാനോ വാടകക്കെടുക്കാനോ സമീപിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് സെന്റർ കണ്ടെത്തി.
വിദ്യാർഥികളും ദുർബല വിഭാഗങ്ങളും വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തുടങ്ങുന്ന അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകാർ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നു. ഒറ്റത്തവണ പണം നൽകി വാങ്ങുകയോ നിശ്ചിത നിരക്കിൽ വാടക നൽകി ഇടപാടുകൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നു. അക്കൗണ്ട് ഉടമ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലാവും ഇടപാടുകൾ നടക്കുക. സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാൽ തട്ടിപ്പുകാർ തടിയൂരുകയും യഥാർഥ അക്കൗണ്ട് ഉടമ പ്രതിയാവുകയും ചെയ്യും.
Content: 65,000 cyber financial crimes in Karnataka in a year






