തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇ യെ സംഘം ചേർന്ന് മർദിച്ചു. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല പകരം ജനറൽ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ടിടിഇ ജയേഷ് പേട്ട ആശുപത്രിയിൽ ചികിത്സയിലാണ്.
ടിടിഇ ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. തുടർന്ന് ട്രെയിനിനുള്ളിൽ മറ്റു ടിടിഇമാരെ വിവരം അറിയിച്ചു. തുടർന്ന് അവർ പോലീസിനെ വിളിക്കുകയായിരുന്നു. മർദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. മറ്റു പ്രതികൾക്കായുള്ള അന്വേക്ഷണം ഊർജിതമാക്കി പോലീസ്.






