തിരുവനന്തപുരം: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യയുടെ പോസ്റ്റിന് പിന്നാലെയാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968-ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടത്തിന് എതിരായാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്നും അത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുളളതാണെന്നും പരാതിയില്‍ പറയുന്നു. ദിവ്യ എസ് അയ്യര്‍ വാക്കുകൊണ്ട് ഷൂ ലൈസ് കെട്ടിക്കൊടുക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുളള പ്രീണനമാണ് ദിവ്യ നടത്തിയതെന്നും വിജില്‍ മോഹനന്‍ പറഞ്ഞു.
മുന്‍ രാജ്യസഭാ എംപിയായ കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് രാഗേഷിനെ തിരഞ്ഞെടുത്തത്. ‘കര്‍ണനുപോലും അസൂയ തോന്നുംവിധം ഈ KKR കവചം’ എന്നാണ് ദിവ്യ എസ് അയ്യര്‍ രാഗേഷിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.




