കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നന്ദിഗ്രാമിൽ സഞ്ചിത പ്രധാൻ ഡേയെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ മമത ബാനർജി വീണ്ടും ബംഗാൾ നിയമസഭയിലേക്ക് തിരിച്ചെത്താൻ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ചർച്ചകൾക്ക് അവസാനമായി.
മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചതിനെ തുടർന്ന് നിയമപ്രകാരം ഒരു മണ്ഡലം ഒഴിയേണ്ടിവന്നതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. നന്ദിഗ്രാമിനൊപ്പം രജിനഗറിലും ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രജിനഗറിൽ റെബിയുൾ ആലം ചൗധരിയെയാണ് തൃണമൂൽ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വിമത നീക്കം ശക്തമായിരുന്നു. ഇതോടെ മമത നിയമസഭയിലേക്ക് തിരിച്ചെത്തുന്നതിനായി നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ 2008 മുതൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന സഞ്ചിത പ്രധാൻ ഡേയ്ക്കാണ് പാർട്ടി അവസരം നൽകിയത്. നന്ദിഗ്രാമിലെ ബോയാൽ പ്രൈമറി സ്കൂളിലെ അധ്യാപികയായ സഞ്ചിത 2018 മുതൽ 2023 വരെ പഞ്ചായത്ത് സമിതി അംഗമായിരുന്നു.
അധ്യാപക നിയമന അഴിമതി കേസിനെ തുടർന്ന് 26,000 പേരുടെ നിയമനം റദ്ദാക്കിയപ്പോൾ സഞ്ചിതയ്ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജോലി തിരികെ ലഭിച്ചു.
മമത ബാനർജിക്ക് രാഷ്ട്രീയമായും വൈകാരികമായും ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് നന്ദിഗ്രാം. 2007ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് 2011ൽ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നിർണായകമായത്. അത്തരമൊരു മണ്ഡലത്തിൽ പരിചയസമ്പന്നനായ നേതാവിന് പകരം പുതുമുഖത്തെ സ്ഥാനാർഥിയാക്കിയതാണ് രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.


