പത്തനംതിട്ട: കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (45) ആണ് മരിച്ചത്. തീപിടുത്ത കാരണം ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ മൊഴി. എന്നാല്‍, മനോജ് തന്നെ വീടിന് തീവെച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വീടിന് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന വനജ ഓടിരക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ മൊഴി. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീട്ടില്‍ ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഞായറാഴ്ച സ്ഥലത്തെത്തും.
സോമനും ഭാര്യ വനജയും മകന്‍ മനോജുമാണ് വീട്ടില്‍ താമസം. മനോജ് ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ജോലിസ്ഥലത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടിലെത്തിയത്. വൈകിട്ട് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് മദ്യപിച്ചതായും പിന്നീട് വഴക്കുണ്ടായതായും അയല്‍പക്കകാര്‍ പറയുന്നുണ്ട്. വഴക്കിനുപിന്നാലെ രാത്രി ഏഴുമണിയോടെ അച്ഛന്‍ സോമനെ മനോജ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.






