ആലപ്പുഴ: സിനിമ മേഖലയിലുള്ളവരെ പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടില്ലെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്‌ലിമ സുൽത്താന. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴാഴായിരുന്നു തസ്‌ലീമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രണ്ടു കോടിയോളം രൂപ വില വരുന്ന കഞ്ചാവ് കേസിൽ മൂന്ന് പ്രതികളെയും ആലപ്പുഴ അഡിഷനൽ ജില്ലാ ആന്റ് സെഷൻ കോടതി (2) എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 വരെയാണ് കസ്റ്റഡി. ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകനു വക്കാലത്ത് നൽകാൻ തസ്‌ലിമ അപേക്ഷിച്ചെങ്കിലും വക്കാലത്ത് ഫയൽ ചെയ്യാതെ വാദിക്കാനാകില്ലെന്നു കോടതി അറിയിച്ചു. തസ്‌ലിമയുടെയും അക്ബർ അലിയുടെയും മക്കളും കോടതിയിൽ എത്തിയിരുന്നു. മൂന്നു പ്രതികളും ജാമ്യത്തിനു നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം ഇതു പരിഗണിക്കും.
കേസിലെ മൂന്നാം പ്രതിയും തസ്‍ലിമയുടെ ഭർത്താവുമായ സുൽത്താൻ അക്ബർ അലിക്ക് കേസിൽ ബന്ധമില്ലെന്നു പ്രതിഭാഗം വാദിച്ചു. അക്ബർ അലി ലഹരിവസ്തു വിൽക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതിയുടെ ഭർത്താവ് ആണെന്നതിനാൽ മാത്രം തെളിവുകൾ ഇല്ലാതെ പ്രതിചേർത്തതാണെന്നുമാണ് പ്രതിഭാഗത്തിന്റ വാദം. ഇയാൾ സിംഗപ്പൂരോ മലേഷ്യയോ സന്ദർശിച്ചിരിക്കാമെന്നും എന്നാൽ അതിനു തെളിവില്ലെന്നും അക്ബറിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും പരിചയമുണ്ടെന്നും ലഹരി ഇടപാട് നടത്തിയിട്ടുണ്ടെന്നുമായിരുന്നു തസ്ലീമ നേരത്തെ പറഞ്ഞത്. ഷൈനുമായുള്ള ചാറ്റുകളും എക്‌സൈസിന് ലഭിച്ചിരുന്നു. ഈ ഒരു പരാമർശത്തിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.






