ആന്ധ്രാപ്രദേശ് : തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൻ്റെ നീക്കം. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവച്ച ഒഴിവിലാണ് അണ്ണാമലൈയെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്.
സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം അണ്ണാമലൈയുടെ സംഘാടന പാടവം ദേശീയ തലത്തിൽ ബിജെപി ഉപയോഗിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്‌ഡി , മുൻ എംപി ജിവിഎൽ നരസിംഹ റാവു എന്നിവരുൾപ്പെടെ നിരവധി പേരുകൾ ബിജെപി വൃത്തത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . എന്നിരുന്നാലും നിലവിൽ സാധ്യതയിൽ വന്ന പേര് കെ അണ്ണാമലൈയുടേതാണ് .






