പാലക്കാട്: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്.
2008-ലാണ് പാല പറമ്പത്തോട്ട് റെജികുമാര്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ഭാര്യ ലിസി, 12 വയസുളള അമലു, 10 വയസുളള മകന്‍ അമല്‍, 9 വയസുളള അമല്യ, 3 വയസുളള അമന്യ എന്നിവരെയാണ് റെജികുമാര്‍ കൊലപ്പെടുത്തിയത്. 2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് 5 പേരുടെയും കൊലപാതകം റെജികുമാര്‍ നടത്തിയത്. ജൂലൈ എട്ടിനാണ് ഭാര്യ ലിസിയെ കൊലപ്പെടുത്തിയത്. അമന്യയെയും അമലിനെയും ജൂലൈ പതിമൂന്നിന് കൊലപ്പെടുത്തി. അമലുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമലുവിനെയും അമല്യയെയും ജൂലൈ 23-നാണ് കൊലപ്പെടുത്തിയത്. അതേസമയം ബലാത്സംഗക്കുറ്റത്തിനും കൊലപാതകക്കുറ്റത്തിനും ജീവപര്യന്തം നിലനില്‍ക്കും.
കഴിഞ്ഞ പതിനാറ് വര്‍ഷമായി ഇയാള്‍ സെന്‍ട്രല്‍ ജയിലിലാണ്. റെജികുമാറിന് മാനസാന്തരം സംഭവിച്ചു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതുകൂടി പരിശോധിച്ചാണ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയത്. പാലക്കാട് പ്രത്യേക സെഷന്‍സ് കോടതിയാണ് റെജികുമാറിന് വധശിക്ഷ വിധിച്ചത്. 2010-ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സെഷന്‍സ് കോടതി വിധി ശരിവെച്ചത്.
‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത് കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബാംഗങ്ങളെ ഒന്നൊന്നായി കൊലപ്പെടുത്തുകയും കൊലയ്‌ക്കു മുൻപു മകളെ പീഡനത്തിനിരയാക്കുകയും കൊലയ്‌ക്കു ശേഷം പശ്‌ചാത്താപത്തിന്റെ കണിക പോലുമില്ലാതെ കാമുകിയെ തേടിപ്പോകുകയും ചെയ്‌ത കഠിനഹൃദയനായ പ്രതി ദയ അർഹിക്കുന്നില്ല’ -എന്നായിരുന്നു കീഴ്ക്കോടതി വിധി ശരിവച്ച് ഹൈക്കോടതി അന്ന് പറഞ്ഞത്.




