ബെംഗളൂരു: കർണാടകയിൽ സിവിൽ കേസിലെ കോടതി വിധി തനിക്ക് അനുകൂലമാക്കുന്നതിനായി കോടതി മുറിക്കുള്ളിൽ കയറി ജഡ്ജിയുടെ കസേരയിൽ ആഭിചാര ക്രിയ നടത്തിയ 65-കാരി പൊലീസ് പിടിയിൽ. കർണാടക ചിക്ബല്ലാപൂർ സ്വദേശിനിയായ മഞ്ജുള എന്ന വൃദ്ധയെയാണ് കോടതി ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഈ അസാധാരണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്റെ പേരിൽ കോടതിയിലുള്ള ഒരു സിവിൽ തർക്കക്കേസിന്റെ വിസ്താരത്തിനായി എത്തിയതായിരുന്നു മഞ്ജുള.
കോടതി നടപടികൾ ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ ഇവർ കോടതി മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. കേസ് പരിഗണിക്കും മുൻപായിരുന്നു ഫസ്റ്റ് അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയുടെ കസേരയിൽ വെള്ള കടുക് വിതറിയത്. ജഡ്ജിയുടെ കസേരയിലും ഡയസിലും കടുക് ശ്രദ്ധയിൽപെട്ട ജീവനക്കാരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും മഞ്ജുള കോടതിയിൽ പ്രവേശിച്ച് കടുക് വിതറുന്നത് കണ്ടെത്തിയതും. കേസിൽ അനുകൂല വിധി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ത്രീയുടെ പ്രവൃത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.




