മലപ്പുറം: മഹാപ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായതോടെ കഴിഞ്ഞ ഏഴ് വർഷമായി ദുരിതജീവിതം നയിക്കുന്ന മലപ്പുറം വാണിയമ്പുഴ ഊരിലെ കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു. കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2 കോടി 46 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. നിയമസഭയിൽ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാണിയമ്പുഴ ഊരിലെ 41 കുടുംബങ്ങളുടെ ദുരിതജീവിതം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്. വൈദ്യുതിയും ശുചിമുറിയും പോലുമില്ലാത്ത താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന കുടുംബങ്ങളുടെ ജീവിതാവസ്ഥ വലിയ ചർച്ചയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണഭീതിക്കിടയിൽ കഴിയുന്ന ഇവർക്ക് സർക്കാരിന്റെ പ്രഖ്യാപനം വലിയ ആശ്വാസമാകുകയാണ്.
വാണിയമ്പുഴ ഊരിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഈ വർഷം ജൂലൈയിൽ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സമർപ്പിച്ച പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. പ്രളയത്തിന് മുമ്പ് കുടുംബങ്ങൾക്ക് ഉണ്ടായിരുന്ന അതേ അളവിലുള്ള ഭൂമി വാണിയമ്പുഴയിൽ പതിച്ചുനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വീടുകൾ നിർമിക്കുന്നതിനായി ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. വീടുകളുടെ നിർമാണം പൂർത്തിയാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനൽകുന്നതിനുള്ള നടപടികളിലെ കാലതാമസമാണ് പുനരധിവാസം വൈകാൻ കാരണമായത്. മഹാപ്രളയത്തിൽ വീടുകൾ വാസയോഗ്യമല്ലാതായതോടെ തുടങ്ങിയ ദുരിതജീവിതം ഏഴ് വർഷം പിന്നിട്ടിട്ടും അവസാനിച്ചിരുന്നില്ല.
ടാർപോളിൻ ഷീറ്റുകൾകൊണ്ട് മറച്ച താൽക്കാലിക വീടുകളിൽ വൈദ്യുതിയും ശുചിമുറിയും ഇല്ലാതെയാണ് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. വന്യമൃഗങ്ങളുടെ ഭീഷണിയും ഇവരുടെ ജീവിതം ദുഷ്കരമാക്കി.
പുതിയ വീടുകൾ യാഥാർഥ്യമാകുന്നതുവരെ താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വേഗത്തിൽ നടപ്പാക്കാനായാൽ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.


