തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ് ഗ്രാന്റ് വർധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ഒരു ഉദ്യോഗസ്ഥന്റെ ഭക്ഷണച്ചെലവിനായി പ്രതിദിനം അനുവദിക്കുന്ന തുക 79 രൂപയിൽനിന്ന് 90 രൂപയായാണ് ഉയർത്തിയത്. ഈ സീസണിലേക്ക് ആകെ 3.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ, എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് മെസ് സൗകര്യം ലഭിക്കുക. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് മണ്ഡലകാലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ശബരിമലയിലും പരിസരങ്ങളിലും മെസ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാന്റ് അനുവദിക്കുന്നതിൽ പലതവണ കാലതാമസം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ശബരിമല തീർഥാടകർക്ക് ആശ്വാസമായി ശുചിമുറികളും കുളിമുറികളും സൗജന്യമാക്കിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ പണം നൽകി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യമായി ഉപയോഗിക്കാം.
സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് ഈ സൗകര്യം ലഭ്യമാകുക. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും ഉപയോഗത്തിന് പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
ശുചിമുറികളും കുളിമുറികളും ഉപയോഗിക്കുന്നതിന് ഇനി നിർബന്ധിതമായി പണം നൽകേണ്ടതില്ല. എന്നാൽ താൽപര്യമുള്ള ഭക്തർക്ക് സംഭാവനയായി പണം നൽകാനുള്ള അവസരമുണ്ടാകും.
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണച്ചെലവ് വർധിപ്പിച്ചതും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമാക്കിയതും തീർഥാടന ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട പ്രധാന നടപടികളാണ്.


