ദിവസങ്ങൾ കഴിയുംതോറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള മുറവിളികളും പ്രതിഷേധങ്ങളും കൂടുകയല്ലാതെ ഒരു തരി പോലും കുറയുന്നില്ല. ഏകദേശം രണ്ടാഴ്ച്ചയോളമായി എല്ലാ ദിവസവും രാജ്യ തലസ്ഥാനം കലുഷിതമാണ്. സിജെപിയാണ് തുടങ്ങിയിട്ടതെങ്കിലും പിന്നീടങ്ങോട്ട് രാജ്യത്തെ സകല പ്രതിപക്ഷ പാർട്ടികളും ചേർന്ന് പ്രതിഷേധങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 81കാരനായ പിണറായി വിജയൻ വരെ സമരമുഖത്ത് ഇറങ്ങി നിന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് കേന്ദ്രവും ഡൽഹി പൊലീസും.
ഒരുവേള കോൺഗ്രസ് പോലും ഒന്ന് ശങ്കിച്ച് നിന്നപ്പോൾ സിപിഎം അടക്കമുള്ള ഇടത് സംഘടനകൾ നെഞ്ചും വിരിച്ച് ഇറങ്ങിയതോടെയാണ് പ്രതിഷേധങ്ങളും രൂപവും ഭാവവും മാറുന്നത്. ആദ്യം സിജെപിയെ അടുപ്പിക്കണോ അകറ്റി നിർത്തണോ എന്ന് പോലും ഉറപ്പില്ലാതെ നിൽക്കുകയായിരുന്നു കോൺഗ്രസ്. എസ്ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിക്കപ്പെട്ടിട്ടുള്ളതാണെന്ന അഭിജീത് ദീപ്കെയുടെ പ്രസ്താവനയാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ആ വാദം ശരിയെങ്കിൽ കേരളത്തിലെ വിഡി സതീശൻ സർക്കാരടക്കം അയോഗ്യരാകേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം.
ഇനി ഡൽഹിയിലേക്ക് വന്നാൽ, ആക്രമണങ്ങൾ കൊണ്ടൊന്നും പ്രതിഷേധങ്ങൾ അവസാനിച്ച് തിരികെ പോകില്ലെന്ന് വ്യക്തമാക്കുകയാണ് എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി ഐഷി ഘോഷ്. ജന്തർ മന്തർ പ്രതിഷേധത്തിനുനേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിജെപിയുടെയും ഇടത് വിദ്യാർഥിസംഘടനകളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഐഷി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ വ്യാപക അക്രമമാണ് ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്ന് നടത്തുന്നത്. വോട്ട് കൊള്ള നടത്തുന്നവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസിലാകില്ല. ഗ്യാനേഷ് കുമാറിനെതിരെയുകല്ല പോരാട്ടം തുടരും. ജനാധിപത്യത്തിനും വോട്ടവകാശത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഐഷി ഘോഷ് പറഞ്ഞു.
ഗ്യാനേശിന് വേണ്ടി ഡൽഹി മുഴുവൻ കത്തിക്കാനും മോദി തയാറാണെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. അതിനും വേണ്ടി എന്ത് സഹായം ആണ് ഗ്യാനേഷ് മോദിക്ക് ചെയ്ത് കൊടുത്തത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിച്ചതിലുള്ള പ്രത്യുപകാരമാണോ. പിണറായി വിജയൻ ഉൾപ്പടെയുള്ള മുൻ മുഖ്യമന്ത്രിമാരെ ആക്രമിക്കുന്നു, വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നു, പ്രതിഷേധിച്ചവരെ തിഹാർ ജയിലിൽ അടയ്ക്കുന്നു. ഇതൊക്കെ മോദി ഗ്യാനേശിന് വേണ്ടി ചെയ്യുന്നതാണ്. ഈ പ്രതിഷേധസ്വരങ്ങളെ മോദി ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അത്യാവശ്യം നല്ല രീതിയിൽ കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രീം കോടതിയുടെ കൊട്ട് കിട്ടുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾ അടക്കുന്നതും ഇന്റർനെറ്റ് ഇല്ലാതാക്കുന്നുമെല്ലാം സുപ്രീം കോടതിയെ ചൊടിപ്പിച്ചിട്ടുണ്ട്. എസ്ഐആറിന് എതിരായ ഇൻഡ്യാ സഖ്യത്തിൻ്റെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനും നോട്ടീസയക്കുകയും ചെയ്തു. മറുപടി നൽകാൻ നോട്ടീസിൽ നിർദേശമുണ്ട്.
ഡൽഹി സമരങ്ങളിലൂടെ പ്രതിച്ഛായ നഷ്ടപ്പെടുന്നത് ബിജെപിക്കും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമാണ്. അതിന് പുറമെ, ഗ്യാനേഷ് കുമാര് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും മറ്റ് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളെയും സ്വകാര്യമായി ബന്ധപ്പെടാന് ശ്രമിച്ചുവെന്ന കോണ്ഗ്രസ് സംഘടന ജനറല് സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വെളിപ്പെടുത്തൽ കൂടി പുറത്ത് വരുന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് കേന്ദ്രം വീഴുന്നത്. താന് പഴയൊരു കോണ്ഗ്രസ് കുടുംബത്തിലെ ആളാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഗ്യാനേഷ് കുമാര് നേതാക്കളെ ബന്ധപ്പെടാന് നോക്കിയതെന്ന് കെ.സി. വേണുഗോപാല് ഡല്ഹിയില് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. വ്യക്തികള് ഏത് കുടുംബത്തില്പ്പെട്ടവരാണെന്നതിലല്ല, മറിച്ച് അവരുടെ പ്രവൃത്തികളിലാണ് കാര്യമെന്ന് വേണുഗോപാല് കടുത്ത ഭാഷയില് വിമര്ശിച്ചു.
ഡൽഹി സമരങ്ങളുടെ മുൻനിരയിൽ നിന്ന്, രാജ്യത്താകമാനം, പ്രത്യേകിച്ച് കേരളത്തിൽ തങ്ങളുടെ കുറഞ്ഞ് കിടക്കുന്ന പ്രതിച്ഛായ ഉയർത്താൻ സിപിഎമ്മിന് കഴിഞ്ഞെന്ന് സമ്മതിക്കേണ്ടി വരും. വെറും നാല് മാസം കൊണ്ട് നിലവിലെ യുഡിഎഫ് സർക്കാർ തകർന്ന് വീഴുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ കേരളത്തിൽ കാണാൻ കഴിയുന്നത്. അത് കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമാവുകയും ചെയ്തതാണ്. മുഖ്യമന്ത്രി വിഡി സതീശന്റെയടക്കം മന്ത്രിമാരെല്ലാവരും കൂടി ഉണ്ടാക്കുന്ന വിവാദങ്ങൾ മുന്നണിക്ക് പോലും പരിഹരിക്കാനാവാത്ത വിധം വളർന്നു കഴിഞ്ഞു. ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനങ്ങളിലും വർധിത വീര്യം വീണ്ടെടുത്ത എൽഡിഎഫിനെ നമുക്ക് കാണാം. പ്രത്യേകിച്ച് പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന യുഡിഎഫ് വലിയൊരു സൂചനയാണ് നൽകുന്നത്.
വിഡി സതീശനെ കൂട്ട്പിടിച്ച് കേരളത്തിൽ വേരൂന്നാമെന്ന സംഘപരിവാർ ആഗ്രഹങ്ങൾക്കും കനത്ത അടിയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ. എന്തുകൊണ്ട് ഗ്യാനേഷ് കുമാറിന ബിജെപി സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ഒറ്റ ചോദ്യത്തിലുണ്ട് ഗ്യാനേഷെന്ന രാജ്യം കണ്ട ഏറ്റവും കറപ്റ്റഡായ ഉദ്യോഗസ്ഥനെ കൂട്ട് പിടിച്ച് നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ബിജെപി ചെയ്തുകൂട്ടിയ കാര്യങ്ങളുടെ ആകെ തുക. ഇക്കാര്യം കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരും തിരിച്ചറിയുകയാണ്. യുഡിഎഫ് സർക്കാർ സ്വന്തം തെറ്റുകളുടെ ഫലം മൂലം ദുർബലമാവുകയും സംഘപരിവാർ മോഹങ്ങൾ കേരളത്തിൽ വേരൂന്നാൻ വിയർക്കുകയും ചെയ്യുന്നതോടെ കരുത്താർജിക്കുക ഇടതുപക്ഷം തന്നെയാണ്.
2029ൽ രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്. ഒരുപക്ഷേ, ബിജെപിയുടെ പദ്ധതികളെല്ലാം പ്ലാൻ ചെയ്ത പോലെ മുന്നോട്ട് പോയാൽ, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതാകും മൂന്ന് വർഷങ്ങൾക്കപ്പുറം രാജ്യം സാക്ഷ്യം വഹിക്കുക. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടിവരുമെന്നാണ് അമിത് ഷാ പറയുന്നത്. പക്ഷേ BJPയെ സംബന്ധിച്ച് ഇതുവരെയുണ്ടായിരുന്ന പോലെയല്ല ഇനിയങ്ങോട്ട് കാര്യങ്ങളെന്നതാണ് യാഥാർത്ഥ്യം.
കേരളത്തിലേക്ക് വന്നാൽ, തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് കരകയറി, തിരിച്ചുവരവിന്റെ പാതയിലായിരുന്ന സിപിഎമ്മിന് പുത്തനുണർവാണ് ഇപ്പോഴത്തെ സമരങ്ങളും പ്രതിഷേധങ്ങളും. 10 വർഷത്തോളം അനക്കമില്ലാതെ കിടന്നിരുന്ന സമരവീര്യം ഇടതുപക്ഷ പോരാളികളിൽ വീണ്ടും നിറയുകയാണ്. സിപിഎം രാജ്യത്ത് ഇല്ലാതാവാതിരിക്കാൻ കേരളത്തിൽ നിലനിൽക്കണം എന്ന യാഥാർത്ഥ്യം പ്രവർത്തകരും ജനങ്ങളും പതിയെ തിരിച്ചറിയുകയാണ്. കോൺഗ്രസ് ദുർബലമാവുകയും ബിജെപി 1-2 സീറ്റുകൾക്ക് മുകളിലേക്ക് പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത തെരഞ്ഞടുപ്പുകളിലെല്ലാം നേട്ടം കൊയ്യാൻ പോകുന്നത് ഇടതുപക്ഷം തന്നെയാണ്.


