കൊല്ലം: അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന വെള്ളം ഒഴുക്കാനുള്ള തുരങ്കത്തിൽ കയറി ലഹരിയിലായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിൽ ഭാഗത്തെ തുരങ്കത്തിലാണ് യുവാവ് കയറിയത്. ഫയർഫോഴ്‌സ് എത്തിയാണ് ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തുരങ്കത്തിനുള്ളിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് നാട്ടുകാർക്ക് വിവരം ലഭിച്ചത്. യുവാവ് ഉച്ചത്തിൽ ബഹളം വയ്ക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തതോടെ നാട്ടുകാർ ഭയപ്പെട്ടു.
തുടർന്ന് യുവാവിനെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തുരങ്കത്തിനുള്ളിൽ നിന്ന് യുവാവിനെ പുറത്തെടുത്തു.
യുവാവിന്റെ കൈവശം നിന്ന് കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലം മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
തുരങ്കത്തിൽ നിന്ന് പുറത്തെടുത്ത ശേഷം യുവാവിനെ ആദ്യം ഡീ-അഡിക്ഷൻ കേന്ദ്രത്തിലേക്കും തുടർന്ന് തിരുവനന്തപുരം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




