കാസർകോട്: പ്രമാദമായ സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ആബിദിന്റെ കുടുംബത്തിന്റെ ആരോപണം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലെ എം.ജി. റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കൺമുന്നിൽവെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാത്രി കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെയാണ് സംഘം ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി വിചാരണയ്ക്ക് മുമ്പ് മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം.
കേസിൽ പ്രതികളെ മുഴുവൻ വെറുതെവിട്ട കോടതി വിധിക്കെതിരെ ആബിദിന്റെ കുടുംബം രംഗത്തെത്തി. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതി തേടി മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.




